ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ, എംഎസ്‍സി ഐറീന രാത്രി വിഴിഞ്ഞത്ത് നങ്കൂരമിടും; 

 ഒടുവിൽ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ്‍ സി ഐറീനയും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ഇന്ന് രാത്രി കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തും. മലയാളിയായ വില്ലി ആന്റണിയാണ് പടുക്കൂറ്റൻ കപ്പലിന്റെ കപ്പിത്താൻ. ഇന്ന് രാത്രിയോടെ കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തും. നാളെയോ, മറ്റന്നാളോ ആയിരിക്കും ബർത്തിംഗ്. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്തേക്ക് എത്തുന്നത്. 22 നിലകളുടെ  വലിപ്പം കണക്കാക്കുന്ന കപ്പലിന് 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 ടി ഇ യു കണ്ടെയ്നറുകൾ വഹിക്കാനാകും.

തുർക്കി വന്നു, മിഷേൽ കപ്പലിനി വന്നു. ഒടുവിലിതാ ഐറിനയും. വിഴിഞ്ഞത്തേക്ക് വമ്പത്തികളിൽ വമ്പത്തിയെത്തുന്നു. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ്. ഒരേ വലിപ്പവും കണ്ടെയ്നർ ശേഷിയുമുള്ള ആറ് സഹോദരി കപ്പലുകൾ. അതിൽ എം എസ്‍ സി തുർക്കിയും മിഷേൽ കപ്പലിനിയും നേരത്തെ തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. ഇപ്പോൾ എം എസ് സി ഐറീന തന്നെ എത്തുന്നു. 

ലോകത്തെ ഏറ്റവും വലിയ കപ്പൽ കേരളത്തിന്റെ തീരത്തടുക്കുമ്പോൾ അതിന്റെ കപ്പിത്താനും ഒരു മലയാളി. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എം എസ് സി ഐറീനയുടെ കപ്പിത്താൻ. 29 വർഷമായി നാവികനാണ് ക്യാപ്റ്റൻ വില്ലി ആന്റണി. നാനൂർ മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള പടുകൂറ്റൻ കപ്പൽ കേരളാതീരം തൊടുമ്പോൾ, അമരത്ത് ഒരു മലയാളിയെന്നതും ശ്രദ്ധേയം.

24,346 ടി ഇ യുആണ് ഐറീനയുടെ ശേഷി. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ കടലിലിറക്കിയത് 2023 ലാണ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യം. സിംഗപ്പൂരിൽ നിന്നാണ് ഈ വരവ്. വിഴിഞ്ഞത്ത് നിന്ന് യൂറോപ്പിലേക്ക് പോകും. ഇതുവരെ 335 കപ്പലുകൾ തുറമുഖത്തെത്തി. ഏഴ് ലക്ഷം കണ്ടെയ്നർ നീക്കം ഇതിനകം പൂർത്തിയാക്കിയ വിഴിഞ്ഞത്ത് ഇനി അടുക്കാൻ ഇതിനപ്പുറം മറ്റൊരു വലിയ കപ്പൽ നിലവിലില്ല. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയശേഷമാണ് എം എസ് സി ഐറിന വിഴിഞ്ഞത്തേക്ക് എത്തുന്നത്.

Leave a Reply