ലിവ് ഇൻ റിലേഷൻഷിപ്പിനെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ പരാമര്‍ശം വിവാദത്തിൽ

ലിവ് ഇൻ റിലേഷൻഷിപ്പിനെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെൻ പട്ടേലിന്‍റെ പരാമര്‍ശം വിവാദത്തിൽ. അത്തരം ബന്ധങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും അല്ലെങ്കിൽ 50 കഷ്ണമാകുമെന്നുമായിരുന്നു ആനന്ദിയുടെ പരാമര്‍ശം.ബുധനാഴ്ച വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്‍റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

“പെൺകുട്ടികളോട് ഒരു കാര്യ മാത്രമേ പറയാനുള്ളൂ. ലിവ് ഇൻ റിലേഷനുകൾ ഇപ്പോഴത്തെ ട്രെന്‍റാണ്. എന്നാൽ നിങ്ങളതിൽ നിന്നും വിട്ടു നിൽക്കണം. നിങ്ങളെ കൊന്ന് 50 കഷ്ണങ്ങളാക്കിയേക്കാം എന്ന് ഗവർണർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഭയത്തോടെ താൻ ചിന്തിക്കാറുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. ലിവ്-ഇൻ ബന്ധങ്ങളുടെ ഫലം കാണണമെങ്കിൽ, 15-20 വയസ്സുള്ള പെൺകുട്ടികൾ ഒരു വയസുള്ള കുട്ടികളോടൊപ്പം അനാഥാലയങ്ങൾ കഴിയുന്നത് കാണാൻ സാധിക്കും” എന്നാണ് ആനന്ദി പറഞ്ഞു.

എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പെൺമക്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോക്സോ നിയമത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഇരയായ പെൺകുട്ടികളെ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും അവരിൽ ഓരോരുത്തർക്കും അസ്വസ്ഥതയുണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതുമായ കഥകളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

സർവകലാശാല പരിപാടിയിൽ വച്ച് ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതു രണ്ടാം തവണയാണ്. ചൊവ്വാഴ്ച ബല്ലിയയിൽ ജനനായക് ചന്ദ്രശേഖർ സർവകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങിൽ വച്ചായിരുന്നു ആദ്യത്തെ പരാമര്‍ശം. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ മനസ്സിലാകുമെന്നായിരുന്നു അന്ന് ഗവർണർ പറഞ്ഞത്. 15-നും 20-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ കുഞ്ഞുങ്ങളെയും കയ്യിലേന്തി നിൽക്കുന്നത് കാണാൻ സാധിക്കുമെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. ലിവ്-ഇൻ ബന്ധങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച ഗവർണർ, ഈ പ്രവണത അത്യാഗ്രഹത്തിൽ നിന്ന് ഉടലെടുക്കുന്നതാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

“അവർ (പുരുഷന്മാർ) യുവതികളെ ഹോട്ടലുകളിൽ കൊണ്ടുപോയി വശീകരിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിക്കുന്നു. ഇവ നമ്മുടെ പാരമ്പര്യമല്ല, എന്നിട്ടും അവ സംഭവിച്ചുകൊണ്ടിരിക്കുന്നു,” അവർ പറഞ്ഞു, അത്തരം കാര്യങ്ങൾക്ക് ഇരയാകുന്നതിനുപകരം മഹത്തായ ലക്ഷ്യങ്ങൾക്കായി ജീവിതം സമർപ്പിക്കാൻ സ്ത്രീകളെ ഗവര്‍ണര്‍ ഉപദേശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply