റിഷഭ് പന്ത് തിരിച്ചുവരുന്നു; ലക്ഷ്യം ദക്ഷിണാഫ്രിക്കന്‍ പരമ്പര

പരിക്കിൽ നിന്ന് മുക്തയ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ആഭ്യന്തര മത്സരത്തിലൂടെയാവും പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. റിഷഭ് പന്തിന്‍റെ കാലിന് പരിക്കേറ്റത് ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്‍റെ ഒന്നാംദിനം. ക്രിസ് വോക്സിന്‍റെ പന്ത് കാലിൽ കൊണ്ട് വിരലിന് പൊട്ടലേറ്റു. പരിക്കേറ്റ കാലുമായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ പന്ത് പോരാട്ടവീര്യത്തിന്‍റെ പ്രതീകമായി. ആറാഴ്ചത്തെ വിശ്രമം നിർദേശിച്ച പന്ത് 75 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉൾപ്പെട നേടിയത് 53 റൺസ്. ഇതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ പന്ത് ബെംഗളൂരുവിൽ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിയിൽ ചികിത്സയിലായിരുന്നു. വെസ്റ്റ് ഇൻ‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ പന്ത് രഞ്ജി ട്രോഫിയിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. ഈമാസം 25ന് തുടങ്ങുന്ന ര‌ഞ്ജി ട്രോഫി മത്സരത്തിൽ കളിക്കാൻ തയ്യാറാണെന്ന് പന്ത് ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

ഇതിന് മുൻപ് പന്തിന് ബിസിസിഐയുടെ മെഡിക്കൽ ടീം മത്സരങ്ങളിൽ കളിക്കാനുളള അനുമതി നൽകുമെന്നാണ് പ്രതീക്ഷ. രഞ്ജി ട്രോഫിയിൽ കളിച്ച് ഫിറ്റ്നസ് തെളിയിച്ചാൽ പന്തിന് നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ടീമിൽ തിരിച്ചെത്താം. ഇരുപത്തിയെട്ടുകാരനായ പന്ത് 47 ടെസ്റ്റിൽ എട്ട് സെഞ്ച്വറികളോടെ 3427 റൺസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ 68.42 ശരാശരിയില്‍ രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 479 റണ്‍സാണ് റിഷഭ് പന്ത് അടിച്ചെടുത്തത്.

റിഷഭ് പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചീപ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പറഞ്ഞിരുന്നു. പന്തിന്‍റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കുന്ന ധ്രുവ് ജുറെല്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമില്‍ വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന റിഷഭ് പന്തിന്‍റെ അഭാവത്തില്‍ രവീന്ദ്ര ജഡേജയെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply