ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മാത്രമുള്ളതാണെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റിനെക്കുറിച്ചുള്ള നടി റിമ കല്ലിങ്കലിന്റെ പരാമര്‍ശത്തോട് പരോക്ഷമായി പ്രതികരിക്കുകയാണ് വിജയ് ബാബു. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റിനെക്കുറിച്ച് നടി നൈല ഉഷ പറഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതേക്കുറിച്ച് നടി റിമ കല്ലിങ്കില്‍ ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ എത്തിയപ്പോള്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് വിജയ് ബാബു സോഷ്യല്‍ മീഡിയിയലൂടെ പ്രതികരണവുമായി എത്തിയത്.
‘ദൈവത്തിന് നന്ദി. വൈശാലി, ഉണ്ണിയാര്‍ച്ച, കടത്തനാട്ട് മാക്കം, കള്ളിച്ചെല്ലമ്മ, അവളുടെ രാവുകള്‍, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യപുത്രിയ്ക്ക്, ആകാശദൂത്, ഇന്‍ഡിപെന്റന്‍സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, കളിമ്മണ്ണ്, ഹൗ ഓള്‍ഡ് ആര്‍ യു, പിന്നെ നമ്മുടെ സ്വന്തം 22 എഫ്‌കെയ്ക്കും സ്‌പേസ് കൊടുത്തതിന്റെ ക്രെഡിറ്റ് ആരുമെടുത്തില്ല.” വിജയ് ബാബു പറയുന്നു.
”മലയാളം എന്നും മികച്ച സ്ത്രീകേന്ദ്രീകൃത സിനിമകള്‍ നല്‍കിയിട്ടുണ്ട്. കാലം മാറുകയും, ഒടിടിയുടെ വരവോടെ നമ്മുടെ ഇന്‍ഡസ്ട്രി വലിയ ഉയരങ്ങളിലെത്തുകയും പുതിയ പ്രേക്ഷകരെ കണ്ടെത്തുകയും ചെയ്തു. അങ്ങനെ ലോകോത്തരമായ കണ്ടന്റുകള്‍ ഒരുക്കാന്‍ ആരംഭിച്ചു. ലളിതം, വ്യക്തം. ഇതിനുള്ള ക്രെഡിറ്റ് മുഴുവനും ഈയ്യൊരു ഇടം കണ്ടെത്തുകയും അത് ചെയ്യുകയും ചെയ്ത വേഫെയറിനും ലോക ടീമിനുമുള്ളതാണ്” എന്നും വിജയ് ബാബു പറയുന്നു.
ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് ലോകയുടെ ടീമിനുള്ളതാണെന്നും. അതേസമയം സ്ത്രീകേന്ദ്രീകൃത സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇത്തരം സിനിമകള്‍ക്ക് ഇവിടെ ഒരു സ്‌പേസ് ഉണ്ടാക്കി കൊടുത്തതെന്നുമാണ് റിമ കല്ലിങ്കല്‍ പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയ താരത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയും ലോകയുടെ വിജയത്തിനുള്ള സ്‌പേസ് ഒരുക്കിയത് ഞങ്ങള്‍ ആണെന്ന് റിമ പറഞ്ഞതായി വ്യാഖ്യാനിക്കുകയുമായിരുന്നു.
”ലോകയുടെ ടീമിന്റെ വിജയത്തില്‍ നിന്നും ഒന്നും എടുത്തു കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഡൊമിനിക്കിനേയും നിമിഷിനേയുമൊക്കെ അറിയാം. പക്ഷെ ഇതുപോലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ സിനിമ ഉണ്ടാകാനും അത് നല്‍കപ്പെടാനും സാധിക്കുന്നൊരു സ്പേസും ഇന്നുണ്ടായത്. ഞങ്ങള്‍ സംസാരിച്ചതു കൊണ്ട് മാത്രമല്ല, ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന് തിരിച്ച് സംസാരിക്കുകയും മറ്റുമായി ഒരു സ്പേസ് ഉണ്ടായി. ഞങ്ങള്‍ ഉണ്ടാക്കിയെന്ന് പറയാന്‍ താല്‍പര്യമില്ല. നമ്മളെല്ലാം ചേര്‍ന്ന് ഒരു സ്റ്റേജ് ഉണ്ടാക്കിയെടുക്കുകയായിരുന്നു” എന്നാണ് റിമ കല്ലിങ്കല്‍ പറഞ്ഞത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

