തിരുവനന്തപുരം: റാപ്പർ വേടനെതിരായ പുലിപ്പല്ല് മാല കേസിൽ വനം ഉദ്യോഗസ്ഥനെതിരെ മന്ത്രി നടപടിയെടുത്തു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾ മുൻപാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസർ അധീഷീനെതിരെയാണ് നടപടി. ഇദ്ദേഹത്തെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു.
റാപ്പർ വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നടക്കം യാതൊരു സ്ഥിരീകരണവും ഇല്ലാത്ത പ്രസ്താവനകൾ അന്വേഷണത്തിന്റെ മധ്യേ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയതാണ് കുറ്റം. ഇത് ശരിയായ അന്വേഷണ രീതി അല്ലെന്ന വിലയിരുത്തലിലാണ് നടപടി. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലംമാറ്റമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞു. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് തുടർ നടപടികളിൽ തീരുമാനമെടുക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

