ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗിക പ്രഖ്യാപിച്ചു. കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സംസ്ഥാന അധ്യക്ഷനാകുന്ന രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രഹ്ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഐക്യകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.
കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞെന്നാണ് സ്ഥാനമൊഴിയുന്ന കെ സുരേന്ദ്രൻ പറഞ്ഞത്. ബിജെപി കേരളത്തിൽ അവഗണിക്കാൻ പറ്റാത്ത ശബ്ദമായി മാറി. ദൈനംദിന പ്രവർത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖറെന്നും കൈവച്ച മേഖലകളിലെ ഉജ്ജ്വല നേട്ടം ബിജെപിക്ക് ഊർജം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

