മധ്യപ്രദേശിൽ റിലീഫ്, റെസ്പിഫ്രെഷ് എന്നീ രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചു. രണ്ട് സിറപ്പുകളിലും ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. ഗുജറാത്തിലാണ് ഈ കഫ് സിറപ്പുകൾ നിർമിക്കുന്നത്. ഡ്രഗ് ഇൻസ്പെക്ടർമാരുടെ പരിശോധനയെത്തുടർന്ന് 19 മരുന്നുകളുടെ സാമ്പിൾ ശേഖരിക്കുകയും പരിശോധനക്കായി ലബോറട്ടറികളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ റിസൾട്ട് കിട്ടിയതിനെത്തുടർന്നാണ് നടപടി.
കഫ് സിറപ്പിന്റെ ഉപയോഗം മൂലം കഴിഞ്ഞ ദിവസങ്ങളിലായി 14 കുട്ടികൾ മരിച്ചതിൽ നിരവധി കേന്ദ്രങ്ങളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഇതിനെത്തുടർന്ന് മധ്യപ്രദേശ് സർക്കാർ തിങ്കളാഴ്ച രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഡെപ്യൂട്ടി കൺട്രോളറെയും സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച കുട്ടികളിൽ പലർക്കും കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച ശിശുരോഗ വിദഗ്ധൻ പ്രവീൺ സോണിയെയും തമിഴ്നാട് ആസ്ഥാനമായുള്ള നിർമാതാക്കളായ ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം സിറപ്പ് മരണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടറെ ന്യായീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തി. സിറപ്പിന്റെ അംഗീകാരവും ഗുണനിലവാര നിരീക്ഷണവും ഡ്രഗ്സ് നിയന്ത്രണ സംവിധാനത്തിൻ്റെ പരിധിയിലാണെന്നുും ഐഎംഎ പറഞ്ഞു. യഥാർത്ഥ കുറ്റവാളികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും, ഇരയായ ഡോക്ടർക്കും കുടുംബങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

