യുഎഇ മന്ത്രിസഭയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സിസ്റ്റത്തെ ഉപദേശക അംഗമായി ഉൾപ്പെടുത്താൻ അംഗീകാരം

യുഎഇ മന്ത്രിസഭയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സിസ്റ്റത്തെ ഉപദേശക അംഗമായി ഉൾപ്പെടുത്താൻ അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2026 മുതൽ ഇത് പ്രാബല്യത്തിൽ വരും. മന്ത്രിസഭയുടെയും മിനിസ്റ്റീരിയൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെയും എല്ലാ ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും ഡയറക്ടർ ബോർഡുകളുടെയും ഉപദേശക അംഗമായി നാഷനൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം പ്രവർത്തിക്കും.

ഈ കൗൺസിലുകളിലെ തീരുമാനമെടുക്കലിനെ പിന്തുണയ്ക്കുക, അവരുടെ തീരുമാനങ്ങളെക്കുറിച്ച് ഉടനടി വിശകലനം നടത്തുക, സാങ്കേതിക ഉപദേശം നൽകുക, എല്ലാ മേഖലകളിലും ഈ കൗൺസിലുകൾ സ്വീകരിക്കുന്ന സർക്കാർ നയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഡോ. താനി അൽ സെയൂദിയെ പുതിയ വിദേശ വ്യാപാര മന്ത്രിയായി നിയമിച്ചു. സാമ്പത്തിക മന്ത്രാലയത്തിന്റെ പേര് സാമ്പത്തിക, ടൂറിസം മന്ത്രാലയം എന്ന് മാറ്റിയതായും അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഇതിന്റെ തലവനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply