യുഎഇയിൽ പരക്കെ മഴ; ഇന്നും മഴയ്ക്ക് സാദ്ധ്യത

യുഎഇയിൽ ഇന്നലെ പരക്കെ മഴ ലഭിച്ചു. വൈകുന്നേരം അൽ ഐൻ, ഫുജൈറ, ഷാർജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇന്ന് യുഎഇയിലുടനീളം കാലാവസ്ഥ പ്രധാനമായും മേഘാവൃതമാണെന്നാണ് റിപ്പോർട്ട്. ഈ മേഘാവൃതമായ അവസ്ഥ ഇന്ന് വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. അൽ ഐനിലെ അൽ ഷ്വീബിന് വടക്ക്, അൽ ഫൗ, അബുദാബിയിലെ മദാമിന് തെക്ക്, മധ്യ ഷാർജയിലെ അൽ ബദൈർ എന്നിവിടങ്ങളിൽ വൈകുന്നേരം 4:30 ഓടെയാണ് മഴ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമായത്. ഇന്നും മഴ തുടരാനുള്ള സാഹചര്യം ഉള്ളതിനാൽ ഫുജൈറ മുതൽ അൽ ഐൻ വരെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഴയുള്ള കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് ഓർമ്മിപ്പിച്ചു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗത പരിധികൾ പാലിക്കാൻ ഡ്രൈവർമാരോട് പോലിസ് നിർദ്ദേശിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻ‌സി‌എം നേരത്തെ സൂചിപ്പിച്ചിരുന്നു. വടക്കൻ, കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. നിലവിൽ, രാജ്യവ്യാപകമായി കാലാവസ്ഥ ഭാഗികമായി മേഘാവൃതമാണ്, ഇന്ന് വൈകുന്നേരം താപനില 35°C മുതൽ 39°C വരെയാണ്.

Leave a Reply