യാത്ര തുടർന്ന് ചാന്ദ്രയാൻ 3; അവസാന ഘട്ട ഭ്രമണപഥ ഉയർത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്‍റെ യാത്ര തുടരുന്നു. അവസാന ഘട്ട ഭ്രമണപഥ ഉയർത്തൽ ഇന്ന് നടക്കും. ഓ​ഗസ്റ്റ് ഒന്നിനാണ് പേടകം ഭൗമ ഭ്രമണപഥം വിടുന്നത്. തുടർന്ന് അഞ്ച് ദിവസത്തിനു ശേഷമായിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. നിലവിൽ പേടകത്തിന്റെ ആരോഗ്യം സാധാരണ നിലയിലാണ്. വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയർത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്ക്ക് പ്രവേശിക്കുക. അതിനാൽ തന്നെയാണ് ദൗത്യത്തിന് കൂടുതൽ ദിനങ്ങൾ വേണ്ടിവരുന്നത്. ഇന്ധനചെലവ് അടക്കം കുറയ്ക്കാൻ ഈ രീതി സഹായകമാണ്. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടും.

ആഗസ്റ്റ് 24നാണ് ദൗത്യത്തിൻറെ ഭാവി നിർണയിക്കുന്ന ലാൻഡറിൻറെ സോഫ്റ്റ് ലാൻഡിങ്. ചന്ദ്രയാന്‍ 1,2 എന്നിവയേക്കാള്‍ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം ചെയ്യാത്ത ദക്ഷിണ ധ്രുവത്തില്‍ ഇറക്കുകയാണ് ലക്ഷ്യം. ലാൻഡ് ചെയ്ത്, തുടർന്ന് ‌14 ദിവസമാണ് റോവറിന്റെ പ്രവർത്തന കാലയളവ്. ഇക്കാലയളവിൽ ലാന്ററിലെയും റോവറിലേയും വിവിധ ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും വിവരശേഖരണങ്ങളും ഐഎസ്ആർഒ നടത്തും. ഐ എസ് ആര്‍ ഒയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 ഏറെ പ്രതീക്ഷയോടെയാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply