ഹിന്ദു ഐക്യം നിലനിർത്താൻ ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് പശുവിറച്ചി തിന്നിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ. പിന്നാക്കക്കാരന്റെ ഒരു പരിപാടിക്ക് പോയപ്പോൾ പശുവിറച്ചി ഭക്ഷിക്കാൻ കൊടുത്തുവെന്നും അവർക്ക് വിഷമമുണ്ടാകുമെന്ന് കരുതി ആ പശുവിറച്ചി കഴിക്കാൻ അവർ തയാറായെന്നുമാണ് മോഹൻ ഭാഗവതിനെ ഉദ്ധരിച്ച് രാഹുൽ ഈശ്വർ പറഞ്ഞത്. റാപ്പർ വേടനെതിരായ സംഘ്പരിവാർ അധിക്ഷേപത്തെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഈശ്വറിന്റെ ഈ പരാമർശം.
സർസംഘ് ചാലക് മോഹൻ ഭാഗവത്ജി പറയുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽ പിന്നാക്കക്കാരന്റെ ഒരു പരിപാടിക്ക് പോയപ്പോൾ പശുവിറച്ചി ഇവർക്ക് ഭക്ഷിക്കാൻ കൊടുത്തു. അവർക്ക് വിഷമമുണ്ടാകുമെന്ന് കരുതി ഇവർ ആ പശുവിറച്ചി കഴിക്കാൻ തയാറായി. ഹിന്ദു ഐക്യത്തിന് വേണ്ടി പശുവിന്റെ മാംസം കഴിക്കാൻ നമ്മൾ തയാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം, ചരിത്രത്തിൽ നമ്മൾ അത്രയും തെറ്റ് പിന്നാക്കക്കാരോട് ചെയ്തിട്ടുണ്ട്. ബ്രാഹ്മണരെ സംബന്ധിച്ച്, ഹിന്ദുക്കളെ സംബന്ധിച്ച് പശുവിറച്ചി കഴിക്കുന്നതാണ് ഏറ്റവും വലിയ പാതകങ്ങളിലൊന്ന്. അതിന്റെ പേരിലാണ് ഒന്നാം സ്വാതന്ത്ര്യ സമരം ഉണ്ടാകുന്നത്. എന്നാൽ, പശുവിറച്ചി കഴിച്ചിട്ടാണെങ്കിൽ പോലും പിന്നാക്ക വിഭാഗക്കാരെ ഒന്നിപ്പിക്കണം എന്നാണ് സർസംഘ് ചാലക് പറയുന്നത്. ആ സമീപനം എല്ലാവരും എടുക്കണം. അതുകൊണ്ട് വേടനെ കൂടെ നിർത്തുകയും വിശ്വാസത്തിലെടുക്കുകയും വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പരിസരത്തോട് നമുക്ക് വിയോജിപ്പുണ്ട്. അവിടെയും നമ്മൾ ഓർക്കേണ്ട ഒരു കാര്യം, ഗാന്ധിജി അംബേദ്കറെ കുറിച്ച് പറയുന്നതാണ്. ‘അംബേദ്കർ നമ്മുടെ തല തല്ലിപ്പൊളിക്കുന്നില്ല, അതുതന്നെ അംബേദ്കറുടെ ഭാഗത്തുനിന്നുള്ള വലിയ ആത്മനിയന്ത്രണമാണ്’ എന്നാണ് ഗാന്ധിജി പറഞ്ഞത്. ബ്രാഹ്മണ്യം പവിത്രമാണ്. ബ്രാഹ്മിണിക്കലാണ് തെറ്റ്. ഹിന്ദു മഹത്തരമാണ്, ഹിന്ദുത്വയാണ് തെറ്റ്. ഇസ്‍ലാം പവിത്രമാണ്, ഇസ്‍ലാമിസ്റ്റാണ് തെറ്റ്. ബ്രാഹ്മിണിക്കലാണ് ഗോഡ്സെയുടെത്. ആ ബ്രാഹ്മിണിക്കൽ വാദം നമുക്ക് വേണ്ട. എന്നാൽ, ബ്രാഹ്മണ്യവും ഹിന്ദുവും ഇസ്‍ലാമുമെല്ലാം വിശ്വാസവും മതവും ദർശനവുമൊക്കെയാണ്. അത് മഹത്തരമാണ്. വേടനടക്കമുള്ള വിഷയത്തിൽ ഹൈന്ദവ, ഹിന്ദുത്വ സംഘടനകൾ കൂടുതൽ ഉൾക്കൊള്ളുന്ന നിലപാട് എടുക്കണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

