മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളുമായി ബന്ധപ്പെട്ട് മോദി സർക്കാറിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർ എല്ലാ ദിവസവും കടത്തിൽ മുങ്ങിത്താഴുമ്പോഴും അവരുടെ ദുരവസ്ഥയിൽ സർക്കാർ നിസ്സംഗത പാലിക്കുന്നുവെന്ന് എക്‌സിലെ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. വായ്പ എഴുതിത്തള്ളൽ, വിളകൾക്ക് മിനിമം താങ്ങുവില എന്നിവക്കുള്ള കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളുടെ എണ്ണം ആദ്യ മൂന്ന് മാസത്തിനുള്ളിൽ 767 ആയി കാണിച്ച ഒരു വാർത്താ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ടും രാഹുൽ ഗാന്ധി പങ്കുവെച്ചു. ഒന്ന് ആലോചിച്ചു നോക്കൂ. വെറും 3 മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ 767 കർഷകർ ആത്മഹത്യ ചെയ്തു. ഇത് വെറുമൊരു സ്ഥിതിവിവരക്കണക്കാണോ? അല്ല. ഇവ 767 തകർന്ന വീടുകളാണ്. ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത 767 കുടുംബങ്ങൾ. സർക്കാർ നിശബ്ദമാണ്. അത് നിസ്സംഗതയോടെ നോക്കിനിൽക്കുകയാണ് -മുൻ കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു.
വിത്തുകൾ, വളങ്ങൾ, ഡീസൽ എന്നിവക്ക് വില കൂടുതലായതിനാൽ കർഷകർ എല്ലാ ദിവസവും കടത്തിൽ മുങ്ങുകയാണ്. അതേസമയം, എം.എസ്.പിയുടെ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെടുമ്പോൾ അവരെ അവഗണിക്കുന്നു. എന്നാൽ, കോടിക്കണക്കിന് രൂപയുടെ വായ്പകൾ മോദി സർക്കാർ എളുപ്പം എഴുതിത്തള്ളുന്നു. ഇന്നത്തെ വാർത്തകൾ നോക്കുക, അനിൽ അംബാനിയുടെ 48,000 കോടി രൂപയുടെ എസ്.ബി.ഐ ‘വഞ്ചന’യെക്കുറിച്ചാണത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദിജി പറഞ്ഞിരുന്നു. ഇന്ന് കർഷകരുടെ ജീവിതം പകുതിയായി കുറയുന്ന അവസ്ഥയാണ്. ഈ വ്യവസ്ഥിതി കർഷകരെ നിശബ്ദമായും തുടർച്ചയായും കൊല്ലുന്നു. ആ സമയത്ത് മോദിജി സ്വന്തം പി.ആറിന്റെ കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണ്’ -ഗാന്ധി പറഞ്ഞു.
കർഷക ആത്മഹത്യകളും സംസ്ഥാനത്തെ സോയാബീൻ കർഷകർക്ക് കുടിശ്ശിക നൽകാത്തതും സംബന്ധിച്ച വിഷയങ്ങളിൽ ബുധനാഴ്ച പ്രതിപക്ഷ അംഗങ്ങൾ രണ്ടുതവണ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മഹാരാഷ്ട്രയിൽ 767 കർഷകർ ആത്മഹത്യ ചെയ്തതായി കോൺഗ്രസ് നേതാവ് വിജയ് വഡെട്ടിവാർ നിയമസഭയിൽ പറഞ്ഞു. അതിൽ 200 കേസുകൾ സഹായത്തിന് അർഹതയില്ലെന്ന് പ്രഖ്യാപിച്ചവയാണ്. 194 കേസുകൾ അന്വേഷണം തുടരുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.