മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്

നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് സംഘടന അറിയിച്ചു. ഇതുവരെ സമാധാനപരമായി സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം, ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആയി കാണുന്നതാണെന്നും സംഘടന.

ആദ്യഘട്ടത്തിൽ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടു പോയതെന്നും എന്നാൽ സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാൻ നിർബന്ധിതരായതാണെന്നും കെ.ജി.എം.സി.ടി.എ പറയുന്നു. മൂന്ന് ദിവസങ്ങളിലായി ഒ.പി. ബഹിഷ്‌കരണം നടത്തിയപ്പോൾ, ദൂരപ്രദേശങ്ങളിൽ നിന്ന് പോലും മുതിർന്ന ഡോക്ടർമാർ റഫർ ചെയ്ത് വിദഗ്ധചികിത്സയ്ക്കായി എത്തിയ രോഗികൾക്ക് പി.ജി. വിദ്യാർത്ഥികളിലൂടെ താൽക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുള്ളൂ.എന്നിട്ടും പ്രശ്നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സർക്കാർ തയ്യാറായില്ലെന്നും സംഘടന. ഈ സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply