മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണ്. പോസിറ്റീവ് കാര്യങ്ങള്‍ കൂടി വാര്‍ത്തയാക്കണം. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുത്. ഏറ്റവും സമധാനമുള്ള സംസ്ഥാനമാണ് കേരളം. അവിടെ വന്ന് ഇങ്ങനെയൊരു അനുഭവം ഇതര സംസ്ഥാനത്തുനിന്ന് വന്ന ടൂറിസ്റ്റിന് ഉണ്ടാകാൻ പാടില്ലായിരുന്നു.

മറ്റു വകുപ്പ് മന്ത്രിമാരുമായും ടാക്സി സംഘടനകളുമായും അടക്കം വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66ലെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. പിണറായി സര്‍ക്കാര്‍ ആയതുകൊണ്ടാണ് വികസനം ഇത്രത്തോളം ആയത്. വർക്കല പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് ചവിട്ട് പുറത്തിട്ട സംഭവവും ദൗര്‍ഭാഗ്യകരമാണെന്നും ട്രെയിനുകളിൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും അടിയന്തരമായി ഇടപെടേണ്ട പ്രശ്നമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply