മുൻ ഗവ സീനിയർ പ്ലീഡർ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ രംഗത്ത്. മനു കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകനായ ആളൂർ പറഞ്ഞു. പീഡനക്കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പമെത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് പിജി മനു മാനസികമായി തകർന്നതെന്ന് ആളൂർ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഇന്നലെയാണ് കൊല്ലത്തെ വാടകവീട്ടിൽ മനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതിജീവിതയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മനുവിന് വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന ഭയം ഉണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടിയുമായി നീങ്ങും. പിജി മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഡോ വന്ദനദാസ് കുത്തേറ്റുമരിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനായ മനു തുടർവാദത്തിന് തയ്യാറെടുക്കവേയാണ് അപ്രതീക്ഷിത മരണമെന്നും ആളൂർ മാധ്യമത്തോട് പറഞ്ഞു.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് പിജി മനു. ജാമ്യത്തിൽ തുടരവെ മറ്റൊരു യുവതിയുമായി ബന്ധപ്പെട്ടും പീഡന ആരോപണം ഉയർന്നു. ഇതില്‍ യുവതിയോടും കുടുംബത്തോടും അഭിഭാഷകൻ മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും. പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

