മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ കത്ത്. സുപ്രിം കോടതിയുടെ അഡ്മിൻ വിഭാഗമാണ് കേന്ദ്ര ഹൗസിംഗ് മന്ത്രാലയത്തിന് കത്ത് നൽകിയത്. വിരമിച്ചശേഷം നീട്ടിനൽകിയ കാലാവധിയും അവസാനിച്ചെന്ന് സുപ്രിം കോടതി കത്തിൽ സൂചിപ്പിക്കുന്നു. ശാരീരിക പരിമിതിയുള്ള മക്കളുടെ ചികിത്സക്കാണ് ജസ്റ്റിസ് ചന്ദ്രചൂഡ് താമസിക്കാനുള്ള അനുമതി നീട്ടി ചോദിച്ചിരുന്നത്. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ ബംഗ്ലാവ് അടിയന്തരമായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് ആവശ്യം.
2024 നവംബര്‍ 10നാണ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസിനാണ് ഔദ്യോഗിക ബംഗ്ലാവില്‍ താമസിക്കാൻ അര്‍ഹതയുള്ളത്. വിരമിച്ച് ആറ് മാസം വരെ വാടകയില്ലാതെ സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കാം. ചന്ദ്രചൂഡ് വിരമിച്ചതിന് ശേഷം വന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും കൃഷ്ണമേനോന്‍ ബംഗ്ലാവിലേയ്ക്ക് താമസം മാറുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചന്ദ്രചൂഡ് ഔദ്യോഗിക വസതിയില്‍ താമസിച്ചത്. ഇരുവരോടും ചന്ദ്രചൂഡ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. 2025 മെയ് 31 ന് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയേണ്ടതാണ്. ആറ് മാസത്തെ കാലാവധി അവസാനിച്ചെന്നും മന്ത്രാലയ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.