കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തത്. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ അതിവൈകാരിക നിമിഷങ്ങളായിരുന്നു.
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ സുജ, രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകന്‍ സുജിനും അമ്മയെ കൂട്ടിക്കൊണ്ടുപോവാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മൂന്നുമാസം മുമ്പ് വീട്ടുജോലിക്കായി കുവൈത്തിൽ പോയ സുജ, മകന് ദുരന്തമുണ്ടാകുന്ന സമയത്ത് തുർക്കിയിലായിരുന്നു. ജോലിചെയ്യുന്ന വീട്ടിലുള്ളവരുമൊത്ത് ഒരുമാസം മുമ്പ് പോയതായിരുന്നു. എല്ലാ ദിവസവും വിഡിയോ കോളിലൂടെ മക്കളോട് സുജ സംസാരിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 9.40നായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുന്റെ ദാരുണ മരണം. വിവരം സുജയെ അറിയിക്കാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയിട്ടും മണിക്കൂറുകളോളം സാധിച്ചിരുന്നില്ല. ഒടുവിൽ വ്യാഴാഴ്ച രാത്രിയാണ് സുജ ദുഃഖവാർത്ത വിവരമറിഞ്ഞത്. തുടർന്ന്, വെള്ളിയാഴ്ച കുവൈത്തിലേക്ക് തിരിച്ചു.
സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. 17ാം തീയതിയാണ് സ്കൂളിൽ വെച്ച് അപകടമുണ്ടാകുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

