ഐപിഎല്ലില്‍ മത്സരക്ഷമത നിലനിര്‍ത്താനും ടീമിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയുന്നില്ലെങ്കില്‍ ധോണി കളി മതിയാക്കണെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെയാണ് ധോണി സീസണിടിയില്‍ വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ ധോണിക്ക് കീഴിലും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായത് വിമര്‍ശിക്കപ്പെട്ടിരുന്നു.
17 ഓവറില്‍ 170 റണ്‍സിലെത്തിയ ചെന്നൈക്ക് ധോണി ക്രീസിലുണ്ടായിട്ടും അവസാന മൂന്നോവറില്‍ 17 റൺസ് മാത്രമാണ് നേടാനായത്. വിക്കറ്റിന് പിന്നില്‍ വൈഭവ് സൂര്യവന്‍ശിയുടെ ദുഷ്കരമായൊരു ക്യാച്ചും ധോണി നഷ്ടമാക്കിയിരുന്നു. ഇതിന് പിന്നാലെ ധോണി വിരമിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയും ചെയ്തു. ഇതിന് പിന്നാലെ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ധോണി കളി മതിയാക്കണമെന്ന് ശ്രീകാന്തും അഭിപ്രായപ്പെട്ടത്.
ധോണിക്കും പ്രായമാകുകയാണ്. ഇനി അദ്ദേഹത്തില്‍ നിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അതേസമയം, വെറുതെ ഇറങ്ങി പന്തുകള്‍ നഷ്ടമാക്കുന്നതും അംഗീകരിക്കാനാവില്ല. ടീമിനായി നന്നായി കളിക്കാനാവുന്നില്ലങ്കില്‍ വഴി മാറികൊടുക്കുകയാണ് വേണ്ടത്. പക്ഷെ ആ തീരുമാനം എടുക്കേണ്ടത് ധോണി തന്നെയാണ്. അടുത്ത വര്‍ഷവും തുടരുമോ, ഇനി തുടരുകയാണെങ്കില്‍ ഏത് റോളിലായിരിക്കും, ക്യാപ്റ്റനാകുമോ, അതോ കീപ്പറാകുമോ ഇനി ഫിനിഷര്‍ മാത്രമാകുമോ എന്നീ കാര്യങ്ങളിലെല്ലാം ധോണി തന്നെയാണ് തീരുമാനമെടുക്കേണ്ടത്.
എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ധോണിയുടെ റിഫ്ലെക്സുകള്‍ കുറഞ്ഞിരിക്കുന്നു. കാല്‍മുട്ടിലെ പരിക്കിനുശേഷം അദ്ദേഹത്തിന്‍റെ ശാരീരികക്ഷമതയും റിഫ്ലെക്സുകളുമെല്ലാം കുറഞ്ഞു. ഇതിനെല്ലാം പുറമെ ചെന്നൈയുടെ ടോപ് ഓര്‍ഡറും തീര്‍ത്തും നിരാശപ്പെടുത്തി. ഒരുകാലത്ത് സ്പിന്നര്‍മാര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തിയിരുന്ന ധോണി ഇപ്പോൾ സ്പിന്നര്‍മാരെ കളിക്കാന്‍ ബുദ്ധിമുട്ടുകയാണ്. സ്പിന്നര്‍മാര്‍ക്കെതിരെ തന്‍റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ ധോണിക്ക് കഴിയുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

