മധുവിധു യാത്രയ്ക്കിടെ നവവരന്‍ കൊല്ലപ്പെട്ട സംഭവം; ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന കണ്ടെത്തലുമായി പോലീസ്

മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന കണ്ടെത്തലുമായി പോലീസ്. സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടയിലാണ് പുതിയ കണ്ടെത്തൽ. ഇതാകാം ഭര്‍ത്താവിനെ കൊല്ലാന്‍ വാടക കൊലയാളികളെ നിയോഗിക്കാന്‍ സോനം രഘുവംശിയെ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. 29 കാരനായ രാജ രഘുവംശിയെയും (24) ഭാര്യ സോനത്തെയും (23) മെയ് 23ന് ആണ് കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം, രാജയുടെ മൃതദേഹം ഒരു മലയിടുക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോനം രഘുവംശിയെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലെ കൂട്ടുപ്രതികളായ, മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരും പിടിയിലായിട്ടുണ്ട്.

രാജയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സോനത്തിന്റെ വിവാഹേതര ബന്ധമാകാമെന്നാണ് മേഘാലയ പോലീസ് വിശ്വസിക്കുന്നത്. കാമുകന്‍ രാജ് കുഷ്വാഹയുമായി ഗൂഢാലോചന നടത്തിയാണ് അവര്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. രാജ് കുഷ്വാഹയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ‘രാജ സോനത്തിന്റെ ജോലിക്കാരനായിരുന്നു, അവര്‍ ഫോണില്‍ ധാരാളം സംസാരിക്കുമായിരുന്നുവെന്നും താന്‍ രാജ് കുശ്വാഹയെ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ പേര് കേട്ടിട്ടേയുള്ളൂവെന്നും രാജ രഘുവംശിയുടെ സഹോദരന്‍ വിപുല്‍ രഘുവംശി മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തില്‍ രാജയുടെ കുടുംബം സോനത്തെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും രാജ് കുശ്വാഹ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടാകാമെന്നാണ് കുടുംബം ആരോപിക്കുന്നത്.

Leave a Reply