ബിഹാറിൽ മികച്ച പോളിങ്, ഉച്ചവരെ 43% , ഉപമുഖ്യമന്ത്രിയുടെ വാഹവ്യൂഹത്തിനുനേരെ കല്ലേറ്

ബിഹാറിൽ ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിം​ഗ്. ഉച്ചയ്ക്ക് ഒരു മണിവരെ 43 ശതമാനം പോളിങ് രേഖപ്പെടുത്തി. ബീഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടപ്പോൾ, ജനം ജം​ഗിൾ രാജിനെതിരെ വിധിയെഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്നും കാണുന്നത്. രണ്ടുമണി പിന്നിടുമ്പോൾ 2020 ലേതിനേക്കാൾ കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്തുന്നുണ്ട്. ബെഗുസരായ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. പോളിങ് നടക്കുന്നതിനിടെ ബീഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെയാണ് കല്ലെറുണ്ടായത്. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.

വോട്ടെടുപ്പ് ദിവസം ബീഹാറിലെ അരാരിയയിൽ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലാലുപ്രസാദ് യാദവിന്റെ ജം​ഗിൾ രാജാണ് ബിഹാറിന്റെ വികസനത്തെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി. ബിഹാറിനെ ആർഡെജിയുടെ കാട്ടുഭരണം തകർത്തുവെന്നും ഇതിൽ നിന്നും ബിഹാറിനെ രക്ഷിച്ചുവെന്നും ജനം ജംഗിള്‍ രാജിനെതിരെ വിധിയെഴുതുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ, തങ്ങള്‍ ജയിക്കുമെന്നും അതിലൂടെ ബിഹാറിലെ ജനങ്ങളും ബിഹാറും വിജയിക്കുമെന്നും എല്ലാവർക്കും ഒപ്പം നമ്പർ വൺ ബിഹാർ സൃഷ്ടിക്കാൻ പ്രവർത്തിക്കുമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. 20 വർഷമായി ഇരട്ട എഞ്ചിന് സർക്കാർ ഒന്നും ചെയ്തില്ലെന്നും ബിഹാറിലെ യുവാക്കൾക്ക് എതിരായാണ് പ്രവർത്തിച്ചതെന്നും മിസ ഭാരതി എംപി കുറ്റപ്പെടുത്തി. അതേസമയം, ജൻസുരാജ് പാർട്ടിയുടെ മും​ഗേറിലെ സ്ഥാനാർത്ഥി സഞ്ജയ് സിം​ഗിനെ ഇന്നലെ ബിജെപിയിൽ ചേർത്തതിനെ പാർട്ടി നേതാവ് പ്രശാന്ത് കിഷോർ രൂക്ഷമായി വിമർശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply