നിയമ സഭകൾ പാസാക്കുന്ന ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. കേന്ദ്ര സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുകയെന്നും അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. എന്നാൽ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ, നിയമ നിർമാണമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ സൂചനയൊന്നും നൽകിയില്ല. ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിയമമന്ത്രി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃപരിശോധന ഹർജി നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയെന്ന് ഇന്നലെ വാർത്തകളുണ്ടായിരുന്നു.
രാഷ്ട്രപതിക്കും ഗവർണർമാർക്കും മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വിധിച്ചത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രപതിക്കോ ഗവർണർക്കോ സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സുപ്രീം കോടതി വിധി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിൻറെ ഹർജിയിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കുടക്കം സമയപരിധി നിർദേശിച്ചത്. ഗവർണർമാർ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെയ്ക്കുന്നതിനെതിരെ കർശന താക്കീതാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് നൽകിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

