കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ് മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേയും ദുഃഖമാണ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും വീണാ ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചു
വ്യാഴാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്ത് കുന്നേൽ ഡി. ബിന്ദു (54) ആണ് മരിച്ചത്.ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് കെട്ടിടം തകർന്ന് ബിന്ദു മരിച്ചത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് അടിയിൽ ആരും ഇല്ലെന്നായിരുന്നു അധികൃതരുടെ അവകാശവാദം. അപകടമുണ്ടായി രണ്ടേകാൽ മണിക്കൂറിനുശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. രക്ഷാപ്രവർത്തനത്തിൽ ഉണ്ടായ അനാസ്ഥയാണ് ബിന്ദു മരിക്കാൻ ഇടയാക്കിയത് എന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു.സുരക്ഷിതമല്ലെന്ന് 12 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ലോക്ക് അടക്കം പ്രവർത്തിച്ചിരുന്നു.