ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുവശത്തേക്കുമുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഒരു ഓട്ടോ കടന്ന് വന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രവര്‍ത്തകര്‍ ഓട്ടോ തടഞ്ഞു. പിന്നാലെ ഓട്ടോ ഡ്രൈവറും പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ഓട്ടോ ഡ്രൈവറെയും ഓട്ടോയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരം തുടരുകയാണ്. ഇന്ന് വൈകീട്ട് വരെയാണ് സമരം. ഇന്നലെ വൈകീട്ട് തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ ഇന്നലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇന്ന് സെക്രട്ടറിയേറ്റിലേക്കുള്ള മൂന്ന് ഗേറ്റുകൾ ബിജെപി പ്രവർത്തകർ ഉപരോധിക്കും. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ സമരത്തിനെത്തുന്നുണ്ട്. ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

