മാധ്യമപ്രവർത്തകനോട് തട്ടിക്കയറി തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ. കൊയമ്പത്തൂർ ബലാത്സംഗക്കേസിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ ക്ഷുഭിതനായി പ്രതികരിച്ചത്. വാർത്താ ഏജൻസിയായ എഎന്‍ഐയുടെ റിപ്പോർട്ടറോടാണ് ചൂടായത്.എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രമേ സംസാരിക്കൂ എന്നും ഞാൻ നിങ്ങളുടെ കമ്പനിയിൽ ആണോ ജോലി ചെയുന്നത്? നിങ്ങൾ എനിക്ക് ശമ്പളം തരുന്നുണ്ടോ? എഎൻഐക്ക് കൊമ്പുണ്ടോ? സ്മിത പ്രകാശിനോട് പരാതിപ്പെടും എന്നാണ് അണ്ണാമലൈ പറഞ്ഞത്. കൂടാതെ നിങ്ങൾ സൗജന്യമായി അല്ലല്ലോ പണിയെടുക്കുന്നത്. ശമ്പളം വാങ്ങുന്നില്ലേ? എന്നെ ഭീഷണിപ്പെടുത്തേണ്ട എന്നും അണ്ണാമലൈ പറഞ്ഞു. വിഷയത്തില്‍ അണ്ണാമലൈക്കെതിരെ ബിജെപി നടപടി എടുക്കണമെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് ആവശ്യപ്പെട്ടു. അണ്ണാമലൈയുടെ വ്യക്തിപരമായ വിഷയങ്ങൾ ഒന്നും മാധ്യമപ്രവര്‍ത്തകൻ ചോദിച്ചിട്ടില്ല, പ്രതിപക്ഷത്തെ പ്രധാനനേതാവ് എന്ന നിലയിലാണ് പ്രതികരണം തേടിയത്. മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല എന്നും പ്രസ് ക്ലബ്ബ് വ്യക്തമാക്കി.
കോയമ്പത്തൂരിൽ എംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് മാധ്യമപ്രവര്‍ത്തകൻ അണ്ണാമലൈയോട് പ്രതികരണം തേടിയത്. കേസില്‍ നിലവില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിവഗംഗ സ്വദേശികളായ ഗുണ, സഹോദരന്മാരായ കാർത്തിക്, സതീഷ് എന്നിവരെയാണ് പ്രത്യേക സംഘം പിടികൂടിയത്. തുടിയലൂരിലെ ക്ഷേത്രത്തിന് സമീപം ഒളിച്ചിരുന്ന ഇവരെ വെടിവച്ച് കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഹെഡ് കോൺസ്റ്റബിളിനെ ആക്രമിച്ചപ്പോൾ കാലിൽ വെടിവച്ചെന്നാണ് പൊലീസ് ഭാഷ്യം. മൂന്ന് പേരെയും കോയമ്പത്തൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം കേസിൽ കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്നും, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. ഞായറാഴ്ച രാത്രി വിമാനത്താവളത്തിന് സമീപം കാറിൽ ഇരിക്കുമ്പോഴാണ് പുരുഷ സുഹൃത്തിനെ ആക്രമിച്ച് മൂന്നംഗസംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

