പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് നേരിട്ട് ഹാജരായി കോടതിയില്‍ വാദിച്ചേക്കും. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോട് മമത അനുമതി തേടിയിട്ടുണ്ട്.എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. എസ്‌ഐആര്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കോടതിയെ അറിയിക്കുകയാണ് മമത ലക്ഷ്യമിടുന്നത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടക്കുന്നതെന്നും ഹര്‍ജിയില്‍ മമത ആരോപിക്കുന്നു.
എസ്‌ഐആര്‍ നടപ്പിലാക്കാന്‍ കമ്മിഷന്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ റദ്ദാക്കണമെന്നും മമത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ക്കിടെ ഏകദേശം 140 പേര്‍ മരിച്ചതായും മമത ചൂണ്ടിക്കാട്ടുന്നു. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്‌സര്‍വര്‍മാരെ വിന്യസിച്ചതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

