അമേരിക്കയിലേക്ക് അപകടകരമായ ഫംഗസ് കടത്തിയതിൽ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൊവിഡിനേക്കാൾ മോശമായ അവസ്ഥയുണ്ടാകുമെന്ന് അമേരിക്കയുടെ ചൈനീസ് വിദഗ്ദ്ധൻ ഗോർഡോൺ ജി ചാംഗ്. ഫംഗസ് കടത്തൽ അമേരിക്കയോട് യുദ്ധം ചെയ്യുന്നതിന് തുല്യമാണെന്നും ചൈനയുമായുള്ള ബന്ധം യുഎസ് അവസാനിപ്പിച്ചില്ലെങ്കിൽ കൊവിഡിനേക്കാൾ വലിയ പ്രഹരം ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് ചൈനീസ് സർവകലാശാലയിലെ ഗവേഷകനായ സുയോംഗ് ലിയു (34), ഇയാളുടെ പെൺസുഹൃത്തും യുഎസിലെ മിഷിഗൻ സർവകലാശാലയിലെ ഗവേഷകയുമായ യുംഗ് കിംഗ് ജിയാൻ (33) എന്നിവരാണ് അപകടകാരിയായ രോഗാണുവിനെ കടത്തിയതിന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തത്.
‘ചൈനയിലെ ഏറ്റവും ആധികാരികതയുള്ള പ്രസിദ്ധീകരണമായ സ്റ്റേറ്റ് മീഡിയ പീപ്പിൾസ് ഡെയിലി 2019 മേയിൽ പുറത്തിറക്കിയ എഡിറ്റോറിയലിൽ യുഎസുമായി ജനകീയയുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നമ്മൾ അമേരിക്കക്കാർ ആയതുകൊണ്ടുതന്നെ ശത്രുരാജ്യങ്ങളുടെ ഇത്തരം പ്രചാരണങ്ങൾ അവഗണിക്കാറുണ്ട്. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ വാക്യത്തിന് വളരെ പ്രാധാന്യമുണ്ട്. അവരുടെ കടുത്ത അമേരിക്ക വിരുദ്ധത ആക്രമണത്തിനുള്ള കാരണം സൃഷ്ടിക്കുകയാണ്. അതിനാൽ തന്നെ ആ ദമ്പതികളെ ഗ്വാണ്ടനാമോയിലേയ്ക്ക് അയക്കേണ്ടതുണ്ട്.ഇത് യുഎസിന് നേർക്കുള്ള ആക്രമണമാണ്.
ഷീ ജിൻപിംഗ് എപ്പോഴും യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. അദ്ദേഹം യുദ്ധത്തിനായി എല്ലാ ചൈനീസ് പൗരന്മാരെയും അണിനിരത്തുകയാണ്. നമ്മൾ ഏറെ ശക്തരാണെങ്കിൽ പോലും നമ്മളെ പരാജയപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും 2020ൽ ചൈനയിൽ നിന്ന് ആവശ്യപ്പെടാതെ തന്നെ വിത്തുകൾ ലഭിച്ചിരുന്നു. അത് യുഎസിലേക്ക് ജീവിവർഗങ്ങൾ കടത്താനുള്ള ശ്രമമായിരുന്നുവെന്നാണ് കരുതുന്നത്. ഈ വർഷം, ഓൺലൈൻ ചൈനീസ് റീട്ടെയിലറായ ടിമുവും അമേരിക്കക്കാർക്ക് വിത്തുകൾ അയച്ചിരുന്നു.
ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് ഇത് അവസാനിപ്പിക്കാനുള്ള ഏക മാർഗം. ക്രമേണ നമുക്ക് പ്രഹരമേൽക്കും. അത് ചിലപ്പോൾ കൊവിഡ് ആയിരിക്കില്ല, അതിലും മാരകമായ ഒന്നായിരിക്കും’- ഗോർഡോൺ ജി ചാംഗ് വ്യക്തമാക്കി.’ചൈന ഈസ് ഗോയിംഗ് ടു വാർ’- എന്ന പുസ്തകത്തിന്റെ രചയിതാവാണ് ചാംഗ്. ചൈനയിലും ഹോങ്കോങ്ങിലുമായി ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷാങ്ഹായിൽ, അമേരിക്കൻ നിയമ സ്ഥാപനമായ പോൾ വീസിന്റെ കൗൺസിലായും അതിന് മുൻപ് ഹോങ്കോങ്ങിൽ അന്താരാഷ്ട്ര നിയമ സ്ഥാപനമായ ബേക്കർ ആന്റ് മക്കെൻസിയുടെ പങ്കാളിയായും പ്രവർത്തിച്ചിട്ടുണ്ട്.