മാലമോഷണ പരാതിയുടെ പേരില്‍ പേരൂര്‍ക്കട പോലീസിന്റെ കസ്റ്റഡിയില്‍ മാനസിക പീഡനം നേരിട്ട ദലിത് യുവതി ബിന്ദുവിനെ കെ കെ ശൈലജ എംഎല്‍എ സന്ദര്‍ശിച്ചു. യുവതിക്കെതിരായ നടപടിയുടെ പേരില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ, എ എസ്‌ഐ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയുടെ സന്ദര്‍ശനം. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തയാണെന്ന് ബിന്ദു കെ കെ ശൈലജയോട് പ്രതികരിച്ചു. ഡി കെ മുരളി എംഎല്‍എ , മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, ഏരിയാ സെക്രട്ടറി സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കെ കെ ശൈലജ ബിന്ദുവിന്റെ വീട്ടിലെത്തിയത്. പേരൂര്‍ക്കട പൊലീസിന്റെ നടപടിയില്‍ നേരത്തെ കെ കെ ശൈലജ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ചില പൊലീസുകാരുടെ പെരുമാറ്റമാണ് സേനക്കാകെ അപമാനം ഉണ്ടാക്കുന്നതാണെന്നായിരുന്നു മുന്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണം.
ബിന്ദു ജോലി ചെയ്തിരുന്ന കുടപ്പനക്കുന്ന് എന്‍സിസി റോഡിലെ വീട്ടില്‍നിന്ന് 18 ഗ്രാമിന്റെ സ്വര്‍ണമാല കാണാതായ സംഭവമായിരുന്നു വിഷയങ്ങളുടെ തുടക്കം. വീട്ടുടമ ഓമന ഡാനിയേല്‍ നല്‍കിയ പരാതിയിലായിരുന്നു ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍നിന്നുതന്നെ മാലകിട്ടിയതോടെ ബിന്ദുവിനെതിരെയെടുത്ത എഫ്‌ഐആര്‍ പൊലീസ് പിന്നീട് റദ്ദാക്കി. ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവം വിവാദമായതോടെത്തില്‍ എസ് ഐ പ്രസാദ്, എഎസ്ഐ പ്രസന്നന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

