പുതിയ സാമ്പത്തിക വർഷത്തിലും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്(ബെവ്‌കോ) ശുഭകരമായ തുടക്കം. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലായ് 20 വരെയുള്ള കാലയളവില്‍ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വില്പനയില്‍ 296.09 കോടിയുടെ വർദ്ധനയുണ്ടായി. ബിയറിന്റെ വില്പനയില്‍ മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാള്‍ നേരിയ കുറവുണ്ട്. ജൂലായ് 20 വരെ വെയർഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു. നികുതിയിനത്തില്‍ സർക്കാരിലേക്ക് 5471.42 കോടി നല്‍കി (കഴിഞ്ഞ വർഷം 5215.29 കോടി).
ചില്ലറ വില്പന ശാലകള്‍ വഴി 54.10 ലക്ഷം കെയ്സ് മദ്യമാണ് വിറ്റത് (കഴിഞ്ഞ വർഷം 53.53 ലക്ഷം). വെയർഹൗസുകള്‍ വഴിയുള്ള വില്പന 17.02 ലക്ഷം കെയ്സായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 19.5 കോടിയിലധികം നേടി റെക്കാഡ് വിറ്റുവരവാണ് ബെവ്കോ നേടിയത്. ബ്രിട്ടണുമായുള്ള സമഗ്ര സാമ്പത്തിക വാണിജ്യ കരാർ നടപ്പാവുന്നതോടെ കേരളത്തില്‍ സ്കോച്ചിന് വില കുറഞ്ഞേക്കും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പുറമെ വിദേശ നിർമ്മിത വിദേശമദ്യവും (എഫ്.എം എഫ് .എല്‍)ബെവ്കോ വഴി വില്‍ക്കുന്നുണ്ട്. വില്പന നികുതിയില്‍ ഇളവ് നല്‍കിയിട്ടും വിപണിയില്‍ വലിയ ചലനമുണ്ടാക്കാൻ എഫ്.എം എഫ് .എല്ലിന് കഴിഞ്ഞിരുന്നില്ല.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 251 ശതമാനം നികുതി ഈടാക്കുമ്പോള്‍ വിദേശ നിർമിത വിദേശ മദ്യത്തിന് ഇത് 86 ശതമാനമാണ്. ഇതിന് പുറമെ പുതിയ കരാർ പ്രകാരമുള്ള നികുതി ഇളവ് കൂടി വരുന്നത് വലിയ വിലയുള്ള വിദേശ വിസ്കി താരതമ്യേന ചെറിയ വിലയ്ക്ക് ലഭിക്കാൻ വഴിയൊരുക്കും. പക്ഷെ ഇത് നടപ്പില്‍ വരാൻ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. ജോണിവാക്കർ,ഷിവാസ് റീഗല്‍, ടീച്ചേഴ്സ്, ഗ്ളെൻഗെറി തുടങ്ങിയ ബ്രാൻഡുകളും ടോം ആൻഡ് മ്യൂ ജിന്നുമാണ് ഇവിടെ കൂടുതല്‍ പ്രിയമുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

