പിവി അൻവറിൻ്റെ വീട്ടിൽ ഇഡി പരിശോധന

തൃണമൂൽ‌ കോൺ​ഗ്രസ് നേതാവ് പിവി അൻവറിൻ്റേയും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന. കെഎസ്‍സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. അൻവറിൻ്റെ വീട്ടിൽ പുല‍ർച്ചെ അഞ്ചുമണിയോടെയാണ് ഇഡി സംഘം എത്തിയത്. അൻവർ വീട്ടിലുണ്ടെന്നാണ് വിവരം. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പിവി അൻവറിൻ്റെ സിൽസില പാ‍ർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും എത്തിയിരിക്കുന്നത്.

മതിയായ രേഖകളില്ലാതെയാണ് പിവി അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോ​ഗസ്ഥരുമായി ​ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം. ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോ​ഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. നേരത്തെ, കേസിൽ പരാതിക്കാരുടെ മൊഴി ഉൾപ്പെടെ എടുത്തിരുന്നു. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അൻവർ നാലാംപ്രതിയാണ്. സഹായി സിയാദ്, കെഎഫ്സി ചീഫ് മാനേജർ അബ്ദുൽ‌ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, മുനീർ അഹമ്മദ് എന്നിവരെല്ലാം വിജിലൻസ് കേസിൽ പ്രതികളാണ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന കൂടി എത്തുന്നതോടെ ഇവരുടെ വീടുകളിലും പരിശോധന നടക്കാൻ സാധ്യതയുണ്ട്. കൂടാതെ മലപ്പുറത്തെ കെഎഫ്സിയുടെ ഓഫീസിലും പരിശോധന നടക്കുമെന്നാണ് വിവരം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply