പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ കാറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. വിവാദങ്ങള്‍ക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളിൽ ഇതുവരെ രഹസ്യമായി പങ്കെടുത്തുകൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തില്‍ ഇന്ന് ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാനിരുന്നത്. ഇതിനിടെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് പിരായിരിയിൽ റോഡ് നവീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് നേരത്തെ അറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എംഎൽഎക്കെതിരെ ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, ഡിവൈഎഫ്ഐ, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ രാഹുലിന് പിന്തുണയുമായി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പ്രതിഷേധം വകവെക്കാതെ രാഹുലിനെ കാറിൽ നിന്നിറക്കി എടുത്തുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് ഡിവൈഎഫ്ഐയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചത്. രാഹുലിനെ എടുത്തുയര്‍ത്തിയാണ് റോഡ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊണ്ടുപോയത്. തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു. നാട മുറിച്ചശേഷം രാഹുലിനെ എടുത്തുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പൊതുപരിപാടി നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോയത്.
എംഎൽഎയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. ഇതുവരെ പാലക്കാട്ടെ രാഹുലിന്‍റെ പൊതുപരിപാടികള്‍ ആരെയും അറിയിക്കാതെയും ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കാതെയുമാണ് നടത്തിയിരുന്നതെങ്കിൽ റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തുന്നത്. വിവാദങ്ങളുണ്ടായി ഒന്നര മാസത്തിനുശേഷമാണ് രാഹുലിന്‍റെ പേരിൽ ഇത്തരത്തിലൊരു ഫ്ലക്സ് മണ്ഡലത്തിൽ സ്ഥാപിക്കുന്നത്. പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്‍റെ ഉദ്ഘാടനമാണ് നടന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

