പാലക്കാട് മങ്കരയില്‍ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് മങ്കരയില്‍ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വിയ്യൂര്‍ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറുമായ കെ.ആര്‍. അഭിജിത്താണ് (30) മരിച്ചത്. പാലക്കാട് മങ്കര റെയില്‍വെ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. തൃശൂര്‍ വിയൂര്‍ സ്വദേശിയാണ് അഭിജിത്ത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഭവം.

ജൂണ്‍ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തില്‍ പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്സി കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാംപില്‍നിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛന്‍ രാമചന്ദ്രന്‍ തൃശ്ശൂരില്‍നിന്ന് തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാംപില്‍ തിരിച്ചെത്തിയില്ല.

തുടര്‍ന്ന് പോലീസുകാര്‍ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു. ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാംപിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന്, വീട്ടുകാര്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്‌സില്‍നിന്ന് കിട്ടിയ ആധാര്‍കാര്‍ഡില്‍നിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. സംഭവം ആത്മഹത്യയാണോയെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു.

Leave a Reply