പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

കേരളത്തിൽ മദ്യ ഉൽപ്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനം അപക്വമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മന്ത്രിയുടെ പ്രഖ്യാപനം ധാർഷ്ട്യം നിറഞ്ഞതാണെന്നും സമിതി വിമർശിച്ചു. പാലക്കാട്ടെ ബ്രൂവറി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലന്നും കെസിബിസി മദ്യവിരുദ്ധ സമിതി പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരി​ഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉൽപാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉൽപാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താൽപ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്. വെള്ളത്തിൻ്റെ പ്രശ്നം പറയുന്നവരുണ്ട്. കർണ്ണാടകയിൽ ഇല്ലാത്ത വെള്ളത്തിൻ്റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളത്? സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ, സംസ്ഥാനത്തിൻ്റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാറിൻ്റെ പരിഗണനയിലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിലവിൽ ഒരോ വർഷത്തിനുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുന്നു. മദ്യനയം അടുത്ത വർഷം മാറുമോ എന്നതാണ് വ്യവസായികളുടെ ആശങ്ക. ഇത് പരിഹരിക്കാനായി ദീർഘകാല മദ്യനയം വേണമെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply