പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെ, അദ്ദേഹത്തെ സഹോദരി ഉസ്മ ഖാൻ റാവൽപിണ്ടിയിലെ ആദിയാല ജയിലിൽ എത്തി സന്ദർശിച്ചു. ഒക്ടോബർ 27-ന് ശേഷം ആദ്യമായാണ് കുടുംബാംഗത്തിന് ഇമ്രാനെ കാണാൻ അനുമതി ലഭിക്കുന്നത്.
സഹോദരനുമായി 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തുവന്ന ഉസ്മ ഖാൻ, ഇമ്രാൻ ആരോഗ്യവാനാണെന്ന് അറിയിച്ചു. എന്നാൽ, ജയിൽ അധികൃതർ അദ്ദേഹത്തെ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഉസ്മ ആരോപിച്ചു. ഇമ്രാൻ ഖാൻ ഇപ്പോൾ ഏകാന്തതടവിലാണുള്ളതെന്നും അദ്ദേഹത്തിന് കുറഞ്ഞ സമയം മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ എന്നും ആരുമായും സംസാരിക്കാൻ അനുവാദമില്ലെന്നും സഹോദരി വെളിപ്പെടുത്തി. നിലവിൽ ഇമ്രാൻ അനുഭവിക്കുന്ന അവസ്ഥകൾക്ക് പിന്നിൽ ജനറൽ ആസിം മുനീർ ആണെന്ന് ഇമ്രാൻ ഖാൻ തന്നോട് പറഞ്ഞതായും ഉസ്മ മാധ്യമങ്ങളോട് പറഞ്ഞു.
ആഴ്ചകളായി കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇമ്രാൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനെത്തുടർന്ന് പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം നടന്നു. റാവൽപിണ്ടിയിൽ കർഫ്യൂ ഏർപ്പെടുത്തുകയും പൊതുചടങ്ങുകളും റാലികളും നിരോധിക്കുകയും ചെയ്തു. ഇമ്രാനെ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പി.ടി.ഐ.) ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇമ്രാനെ കാണാൻ ജയിലിന് പുറത്ത് കാത്തുനിന്ന അദ്ദേഹത്തിന്റെ മറ്റ് സഹോദരിമാരെ അടക്കം പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും മർദിക്കുകയും ചെയ്തതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

