പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി. സ്‌കൂളിന് ബിജെപിയുടെ സംരക്ഷണം ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം
സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെ. വിഷയത്തിൽ മാനേജ്മെന്‍റിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല. രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തി.
വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെ നിലപാടുകൾ സ്വീകരിക്കണമെന്ന് ഫാ. ഫിലിപ്പ് കവിയിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടേത് വിവേക രഹിതമായ പ്രസ്താവനകളാണ്. മന്ത്രിയുടെ പ്രസ്താവന പ്രശ്നം വഷളാക്കാനേ ഉപകരിക്കൂവെന്ന് പറഞ്ഞ അദ്ദേഹം പ്രശ്നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേക രഹിതമായി പ്രസ്താവന ഇറക്കിയെന്നും വിമര്‍ശിച്ചു. ക്രൈസ്തവ സ്ഥാപനങ്ങളിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ നോക്കിയിരിക്കില്ലെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

