നേപ്പാളിൽ ആളിക്കത്തി ‘ജെൻസി’പ്രക്ഷോഭം. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ രാജിക്ക് പിന്നാലെ നേപ്പാൾ പ്രസിഡൻറും രാജിവെച്ചു നേപ്പാൾ പ്രസിഡൻറ് രാം ചന്ദ്ര പൗഡേൽ രാജിവെച്ചതായാണ് റിപ്പോർട്ട്. പ്രക്ഷോഭകാരികൾ നേപ്പാൾ സുപ്രീം കോടതി സമുച്ചയത്തിനും തീയിട്ടു. അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദേശം പുറത്തിറക്കി. നേപ്പാളിലുള്ള ഇന്ത്യക്കാർക്കായി ഹെൽപ് ലൈനും ആരംഭിച്ചു. സംഘർൽം തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ നേപ്പാളിലുള്ള ഇന്ത്യക്കാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും പുറത്ത് പോകരുതെന്നും സർക്കാരിൻറെ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ, നേപ്പാളിൽ കുടുങ്ങിയ കോഴിക്കോടുനിന്നുള്ള 40 അംഗ മലയാളി വിനോദ സഞ്ചാരി സംഘം സുരക്ഷിതരാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചു. കലാപബാധിതമായ നേപ്പാളിൻറെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40 അംഗ മലയാളി സംഘവുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ജോർജ് കുര്യൻ അറിയിച്ചു. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ നിന്ന് പോയവർ സുരക്ഷിതരാണെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. മലയാളി വിനോദ സഞ്ചാരികളുടെ വിഷയത്തിൽ കെസി വേണുഗോപാൽ എംപിയും ഇടപെട്ടു.
വിദേശകാര്യ മന്ത്രിയുമായി കെസി വേണുഗോപാൽ സംസാരിച്ചു. കാഠ്മണ്ഡു വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാൽ ഇപ്പോൾ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കഴിയില്ലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.നേപ്പാളിൽ സംഘർഷം രൂക്ഷമെന്ന് കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികൾ പറഞ്ഞു. കാഠ്മണ്ഡുവലെ പൊലീസ് സ്റ്റേഷനുകൾക്ക് ഉൾപ്പെടെ തീയിട്ടു. തങ്ങൾ സുരക്ഷിതരാണെന്നും ഭക്ഷണവും താമസവും കിട്ടിയെന്നും നിലവിൽ ആശങ്കയില്ലെന്നും വിമാനത്താവളങ്ങൾ അടച്ചുവെന്നും വിമാന സർവീസ് തുടങ്ങിയാൽ മടങ്ങുമെന്നും മലയാളികൾ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

