നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പേരിൽ എം. സ്വരാജിന്റെ പ്രചാരണത്തിന് എത്തിയയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് അഖിൽ ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ് സോഷ്യൽമീഡിയ കുറിപ്പിൽ അറിയിച്ചു. അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷൻ എന്ന് അവകാശപ്പെട്ട് ശ്രീജിത്ത് എന്ന ദത്താത്രേയ സായ് സ്വരൂപ് നാഥ് എന്നൊരാളാണ് നിലമ്പൂരിൽ എത്തിയതെന്നും 1915-ൽ രൂപംകൊണ്ട രാജ്യത്തെ ആദ്യ ഹിന്ദുത്വ പാർട്ടിയും, വീർ സവർക്കർ അധ്യക്ഷത വഹിച്ചതും, രാജ്യശ്രീ ചൗധരിജി നേതൃത്വം നൽകുന്നതുമായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി ശ്രീജിത്തിന് യാതൊരുവിധ ബന്ധങ്ങളും ഇല്ലെന്ന് അഖിൽ ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ സ്വാമി ഭദ്രാനന്ദ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇദ്ദേഹം ചക്രപാണി ഘടകത്തിലെ അംഗമാണ്. ഹിന്ദു മഹാസഭയുടെ പ്രാഥമിക അംഗത്വമോ ഭാരവാഹിത്വമോ തെളിയിക്കുന്ന കൃത്യമായ രേഖകൾ പോലും ഹാജരാക്കാൻ കഴിയാതെ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനാണെന്ന് അവകാശപ്പെട്ട ചക്രപാണിയുടെ ഹർജികളെ 2012-ലും, 2022-ലും സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതി പോലും അംഗീകരിക്കാത്ത ചക്രപാണിയുടെ ഘടകം നിയമിച്ച വ്യക്തിയാണ് എം. സ്വരാജിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേണ്ടി നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനെന്ന് അവകാശപ്പെട്ടുക്കൊണ്ട് എത്തിയ ശ്രീജിത്തെന്നും ഭദ്രാനന്ദ പറഞ്ഞു.
തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് സായ് സ്വരൂപ് നാഥ് എന്ന പേരിൽ അറിയപ്പെടുന്ന ശ്രീജിത്തെന്നും ബീഫ് സ്വാമി എന്നും പഴയ കുളിസീൻ കുട്ടനെന്നും അറിയപ്പെടുന്ന ശ്രീജിത്ത് ഹൈന്ദവ സമൂഹത്തിനും, ഹിന്ദു മഹാസഭയ്ക്കും ധാരാളം ചീത്തപ്പേര് പകർന്ന് നൽകിയിയ ഒരു വ്യക്തിത്വമാണെന്നും ഇയാൾക്ക് ബീഫ് സ്വാമി എന്ന പേരും നാട്ടുകാർ ചാർത്തി നൽകിയിട്ടുണ്ടെന്നും ഭദ്രാനന്ദ പറഞ്ഞു.