ടിനി ടോമിനെതിരെ നടൻ മണിയന്‍പിള്ള രാജു രംഗത്ത്. കഴിഞ്ഞ ദിവസം പ്രേം നസീറിനെക്കുറിച്ച് ടിനി പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. അവസാനകാലത്ത് അവസരം കുറഞ്ഞതില്‍ വിഷമിച്ചാണ് നസീര്‍ മരിച്ചതെന്നാണ് ടിനി പറഞ്ഞത്. വിവാദം ആയതോടെ തന്നോട് ഇക്കാര്യം പറഞ്ഞത് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവാണെന്നാണ് ടിനി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം. ടിനിക്കെതിരെ തുറന്നടിക്കുന്ന മണിയന്‍പിള്ള രാജുവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ആണ്. താന്‍ ഒരിക്കലും അങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല. ടിനി തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്. അതേസമയം ടിനി ടോമിനെതിരെ നസീര്‍ ഫൗണ്ടേഷന്‍ കേസ് നല്‍കിയിട്ടുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്.
”ഒരിക്കലുമില്ല. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ അദേഹത്തിന്റെ കൂടെ പത്ത് പതിനഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ എല്ലാ ഇന്റര്‍വ്യുകളിലും, പ്രസംഗിക്കുമ്പോഴും പറയാറുണ്ട് ഇത്രയും ദൈവതുല്യനായ ഒരാളെ കണ്ടിട്ടില്ല എന്ന്. വര്‍ഷാ വര്‍ഷം നടക്കുന്ന നസീര്‍ സാറിന്റെ പരിപാടികളില്‍ ഞാന്‍ പോയി സംസാരിക്കാറുണ്ട്” എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായൊരാളെപ്പറ്റി മോശമായി സംസാരിക്കുന്നതു? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു എന്നും ടിനിക്കെതിരെ മണിയന്‍പിള്ള രാജു തുറന്നടിക്കുന്നുണ്ട്. മരിച്ചു പോയ ഒരാളാണ്. ദൈവ തുല്യനായ മനുഷ്യനാണ്. ഏറ്റവും കൂടുതല്‍ നായകനായതിന്റെ റെക്കോര്‍ഡുള്ള മനുഷ്യനാണെന്നും നസീറിനെക്കുറിച്ച് മണിയന്‍പിള്ള രാജു പറയുന്നു.
”അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ ടിനിയെ കല്ലെറിയും. അദ്ദേഹത്തെ അത്രയും ആരാധിക്കുന്നവരുണ്ട്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ആരോ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ പറയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എത്രയോ തവണ എഴുതിയിട്ടുമുള്ളതാണ്. രണ്ട് പടം വന്നാല്‍ പണ്ട് നടന്ന പരിസരം മറക്കും ഇവരെല്ലാം” എന്നും മണിയന്‍പിള്ള രാജു പറയുന്നു.