നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ വസതിയിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശം. വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും സ്നിഫർ ഡോഗുകളും ചേർന്ന് വീട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ഇത് ഒരു വ്യാജ ഭീഷണിയാണ് എന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

അടുത്തിടെ തമിഴ്നാട്ടിലെ കരൂരിൽ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് വലിയ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഭീഷണിയും വന്നത്. നിലവിൽ വിജയ്‌യുടെ വസതിയിലെ ഭീഷണി വ്യാജമാണ് എന്നും സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിൽ മുഖ്യമന്ത്രിയുടെയും, ഗവർണറുടെയും, നടി തൃഷയുടെയുമടക്കം നിരവധി പ്രമുഖ വ്യക്തികളുടെ വസതികളിലേക്ക് സമാനമായ വ്യാജ ബോംബ് ഭീഷണികൾ ലഭിക്കുന്നുണ്ട്. ഈ ഭീഷണികളുടെ ഉറവിടം കണ്ടെത്താൻ സൈബർ ക്രൈം വിഭാഗം അന്വേഷണം നടത്തി വരികയാണ്.

സെപ്റ്റംബർ 27നാണ് വിജയ് നയിച്ച പ്രചരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 41പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. സംഭവത്തെത്തുടർന്ന് വിജയ് ചെന്നൈയിലേക്ക് തിരിച്ചതും ഇരകളുടെ കുടുംബാങ്ങളെ സന്ദർശിക്കാത്തതും സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. 10000 പേർക്ക് പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്ന സ്ഥലത്ത് 30,000 പേർ തടിച്ചുകൂടിയതാണ് ദുരന്തത്തിന് കാരണമായത്. തുടർന്ന് വിജയ് ഏഴ് മണിക്കൂർ പരിപാടിക്ക് വൈകി എത്തുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയായിരുന്നു. സുരക്ഷാ മാർഗ നിർദേശങ്ങൾ ലംഘിച്ചതായും ഭക്ഷണത്തിനും കുടിവെള്ളത്തിനും ശരിയായ ക്രമീകരണങ്ങൾ ഇല്ലാത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply