ധനമന്ത്രിയെ അഭിനന്ദിച്ച് മന്ത്രി ആർ ബിന്ദു

ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ”ഓണം കളറാക്കാൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി സമർത്ഥമായി പ്രവർത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങൾ” എന്നാണ് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചത്. ഓണക്കാലത്ത് ഇരുപതിനായിരം കോടി രൂപയാണ് സാധാരണക്കാരുടെ കൈകളിൽ എത്തിയതെന്നും എന്നാൽ ഇതിന് പിന്നിൽ നിശബ്ദമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കിൽ അത് അനീതിയാകുമെന്നും ഡോ. ബിന്ദു പറയുന്നു.

”സമാനതകളില്ലാത്ത നീതി നിഷേധം കേന്ദ്ര ഗവൺമെന്റിൽ നിന്നും കേരളം, സാമ്പത്തിക വിഷയത്തിൽ അനുഭവിക്കുമ്പോഴും അല്ലലില്ലാതെ സംസ്ഥാന ഖജനാവിനെ മുന്നിൽ നിന്നു നയിക്കുന്ന നമ്മുടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ട്. മാസങ്ങൾക്കു മുൻപ് തന്നെ ഓണത്തിന് വേണ്ടി സാമ്പത്തികമായ തയ്യാറെടുപ്പുകൾ നടത്തി എല്ലാ മേഖലയിലേക്കും അദ്ദേഹം പണം എത്തിച്ചു. നെൽ കർഷകർക്ക് നൽകേണ്ടുന്ന ബോണസിൽ 100 കോടി രൂപ ചരിത്രത്തിൽ ആദ്യമായി അഡ്വാൻസ് വരെ നൽകി.

വിപണിയിൽ എല്ലാ സാധനങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്താൻ അദ്ദേഹം മുൻകൈയെടുത്തു. എല്ലാ വിഭാഗം ജീവനക്കാർക്കും തൊഴിലാളികൾക്കും സർക്കാരിന്റെ സഹായം എത്തുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പുവരുത്തി. കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും നൽകാനായി 100 കോടി രൂപ കൃത്യമായി സംസ്ഥാന ഖജനാവിൽ നിന്നും മാസാമാസം അനുവദിച്ചു നൽകുന്നു, ‘ മന്ത്രി കുറിച്ചു. ഓണക്കാലത്ത് എല്ലാമേഖലയിലും പണമെത്തിച്ചതിലെ ധനകാര്യമന്ത്രിയുടെ പങ്കിനെ അഭിനന്ദിച്ച് നിരവധി പേർ ഫെയ്‌സ്ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply