ദേശീയപാത വികസനം ഡിസംബറിൽ പൂര്‍ത്തികരിക്കുമെന്ന് ഗഡ്കരി ഉറപ്പ് നൽകിയതായി മുഖ്യമ​ന്ത്രി

ഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്‍റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് കേരളത്തിന്‍റെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതായും ഡൽഹിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

‘നിതിന്‍ ഗഡ്ക്കരിയുമായി വിശദമായ കൂടിക്കാഴ്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം കേരളം പരിഹരിച്ച വിഷയങ്ങളും നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ ആശങ്കയും മറ്റ് പ്രശ്നങ്ങളും നിവേദനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന പ്രത്യേക താല്പര്യത്തെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ എന്‍എച്ച് 66 ലെ പ്രവൃത്തിയിലെ 16 റീച്ചുകളുടെയും വിശദമായ റിവ്യൂ മീറ്റിംഗില്‍ നടന്നു.

ദേശീയപാത വികസനം പൂർത്തിയാക്കാൻ അദ്ദേഹം തന്നെ മുന്‍കൈയ്യെടുത്ത് മുഴുവന്‍ കോണ്‍ട്രാക്ടര്‍മാരുടെയും ഒരു അടിയന്തര യോഗം വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു. പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ കേരളം സന്ദര്‍ശിക്കുമെന്നും ഗഡ്ഗരി അറിയിച്ചു. പൂര്‍ത്തികരിച്ച റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പാതാ വികസനത്തില്‍ കേരളം കാണിക്കുന്ന പ്രത്യേക താല്പര്യം കണക്കിലെടുത്ത് സ്ഥലമെറ്റെടുക്കലിന്‍റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിതള്ളാനുള്ള ആവശ്യവും അദ്ദേഹം അംഗീകരിച്ചു’ -മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പ്രവൃത്തി ഉദ്ഘാടനം ജനുവരിയില്‍ നടത്തും. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് (എന്‍എച്ച് 866) പ്രവൃത്തിയുടെ എല്ലാ തടസ്സങ്ങളും നീക്കി ജനുവരിയില്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. കൊല്ലം – ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് പാത (എന്‍എച്ച് 744) യുടെ പ്രവൃത്തി തടസങ്ങള്‍ നീക്കി പ്രവൃത്തി ഉദ്ഘാടനത്തിനു തയാറാവാന്‍ അദ്ദേഹം യോഗത്തിൽ വെച്ച് ദേശിയപാത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള എന്‍എച്ച് 744 റോഡ് വണ്‍ ടൈം ഇംപ്രൂവ്മെന്‍റില്‍ പ്രവൃത്തി നടത്തും. എറണാകുളം ബൈപ്പാസ് പണി ജനുവരിയില്‍ തുടങ്ങും. പുനലൂര്‍ ബൈപ്പാസ് പദ്ധതിയുടെ അംഗീകാരം വേഗം ലഭ്യമാക്കാന്‍ ഇടപെടുമെന്നും ഇടമണ്‍- കൊല്ലം റോഡിന്‍റെ പരിഷ്കരിച്ച ഡി.പി.ആര്‍ ഡിസംബറില്‍ സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി പിണറായി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply