നിർമാണത്തിലിരിക്കെ ദേശീയപാത 66 തകർന്ന സംഭവത്തിൽ ദേശീയ പാത അതോറിറ്റി വിശദവിവരങ്ങൾ അടങ്ങുന്ന ഇടക്കാല റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ സാഹചര്യം പരിശോധിക്കുന്നതിനിടെയാണ് മലപ്പുറത്ത് റോഡ് തകർന്ന സംഭവത്തെ കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ദേശീയ പാതാ അതോറിറ്റിയോട് വിവരങ്ങൾ തേടിയത്.
ദേശീയ പാത തകർന്ന സംഭവത്തിൽ കരാറ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിഷയം സൂക്ഷമമായി പരിശോധിച്ച് വരികയാണെന്നുമായിരുന്നു ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ദേശീയ പാത തകർന്നതുമായി ബന്ധപ്പെട്ട വിഷയം അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ വിഷയത്തിൽ സംഭവിച്ച കാര്യങ്ങളിൽ കേരളത്തിൽ സന്തോഷമില്ലെന്ന പരാമർശത്തോടെയായിരുന്നു ഹൈക്കോടതി വിഷയം പരിഗണിച്ചത്. തകർന്നത് ആളുകൾ വളരെ കാലമായി കാത്തിരുന്ന റോഡാണ്. റോഡ് നിർമാണം വിദഗ്ധമായാണോ പൂർത്തിയാക്കിയത് എന്ന് ഉറപ്പുണ്ടോയെന്നും ജനങ്ങളുടെ ആശങ്ക പരിഗണിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.
മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ കരാറുകാരായ കെ എൻ ആർ കൺസ്ട്രക്ഷനെ കേന്ദ്രസർക്കാർ ഡീബാർ ചെയ്തിരുന്നു. ദേശീയപാത നിർമാണത്തിന്റെ കൺസൾട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദേശീയപാത തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മെയ് 19 നാണ് കൂരിയാട് ദേശീയപാത 66 ഇടിഞ്ഞു താണത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

