തിരുപ്പതി ക്ഷേത്രത്തിന്റെ ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവർ ഉണ്ടോ; വഖഫ് കേസ് പരിഗണിക്കുന്നതിനിടെ ചോദ്യവുമായി സുപ്രീംകോടതി

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെ ഹിന്ദുട്രസ്റ്റുകളിൽ മുസ്‍ലിംകളെ അനുവദിക്കുമോയെന്ന ചോദ്യവുമായി സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിന്റെ ബോർഡിൽ ഹിന്ദുക്കൾ അല്ലാത്തവർ ഉണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ നിർദേശവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വഖഫ് സ്വത്തുക്കളു​ടെ നിലവിലെ സ്ഥിതി തുടരണമെന്നും ഡീനോട്ടിഫൈ ചെയ്യരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ നാളെയും വാദം തുടരും. വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോ എന്ന് കളക്ടർ അന്വേഷണം നടത്തുമ്പോൾ വഖഫ് സ്വത്ത് വഖഫ് ആയി പരിഗണിക്കില്ല എന്ന ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തിൽ വരു​ത്തേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.

സെൻട്രൽ വഖഫ് കൗൺസിലിലെ എക്സ് ഒഫീഷ്യ അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും മുസ്‍ലിം അംഗങ്ങളായിരിക്കണമെന്നും കോടതി നിർദേശിച്ചു. ഇങ്ങനെ പ്രധാനമായും മൂന്ന് നിർദേശങ്ങളാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ഹർജി പരിഗണിക്കുന്നതിനിടെ ഹിന്ദു ട്രസ്റ്റുകളിൽ മുസ്‍ലിം അംഗങ്ങളെ കേന്ദ്രസർക്കാർ അനുവദിക്കുമോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

നിയമഭേദഗതി ഭരണഘടനയുടെയും മൗലികാവകാശങ്ങളുടേയും ലംഘനമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. മതപരമായ സ്വത്തുക്കൾ ലഭിക്കാനുള്ള അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. മുസ്‌ലിം വിഭാഗത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വയംഭരണത്തെ നിയമം അവഗണിക്കുന്നു. വഖഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും കപിൽ സിബൽ വാദിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply