തിരിച്ചുകയറി ഓഹരി വിപണി

ഇന്നലെ ലാഭമെടുപ്പിനെ തുടര്‍ന്ന് കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി 24900 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്ന് മുന്നേറി. ഇന്നലെ വിദേശനിക്ഷേപകര്‍ വില്‍പ്പനക്കാരായതാണ് വിപണിക്ക് വിനയായത്. അസംസ്‌കൃത എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളും വിപണിക്ക് പ്രതികൂലമായി. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സാഹചര്യം അടക്കമുള്ള ഘടകങ്ങള്‍ തിരിച്ചുവരാന്‍ വിപണിക്ക് പ്രേരണയാകുകയായിരുന്നു. ഇന്നലെ കനത്ത ഇടിവ് നേരിട്ട ചെറുകിട, ഇടത്തരം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സെക്ടര്‍ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് ഫാര്‍മ ഓഹരികളാണ്. നിഫ്റ്റി ഫാര്‍മ 1.7 ശതമാനമാണ് മുന്നേറിയത്. ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഓട്ടോ, സിപ്ല, സണ്‍ഫാര്‍മ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 9 പൈസയുടെ നഷ്ടത്തോടെ 85.67ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ ട്രഷറി വരുമാനം വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply