താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ

താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച് യു പ്രതിഭ എംഎല്‍എ. നാട്ടില്‍ ഇപ്പോള്‍ ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നാണ് യു പ്രതിഭയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കായംകുളത്ത് ഒരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു യു പ്രതിഭ. എംഎല്‍എയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

”നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദാഘാടനത്തിന് കൊണ്ടു വരുന്നൊരു പുതിയ സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. എന്തിനാണത്? ഇത്രയ്ക്ക് വായ്‌നോക്കികളാണോ കേരളത്തിലെ മനുഷ്യര്‍. തുണിയുടുക്കാത്ത ഒരാള്‍ വന്നാല്‍ എല്ലാവരും ഇടിച്ചു കയറും. അത്തരം രീതികള്‍ മാറണം. തുണി ഉടുത്ത് വന്നാല്‍ മതി എന്ന് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് എന്റെ നേരെ വരരുത്.” യു പ്രതിഭ പറയുന്നു.

മാന്യമായ വസ്ത്രം ധരിക്കുക എന്നത് നമ്മള്‍ അനുസരിക്കേണ്ട കാര്യം തന്നെയാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും അവകാശമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. നാളെയിപ്പോള്‍ ദിഗംബരന്മാരായിട്ട് നടക്കാന്‍ തീരുമാനിച്ചാല്‍ നമുക്ക് ചോദ്യം ചെയ്യാനൊന്നും പറ്റില്ലെന്നും എംഎല്‍എ പറയുന്നു. പിന്നാലെ നടന്‍ മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോയെക്കുറിച്ചും എംഎല്‍എ പരാമര്‍ശിക്കുന്നുണ്ട്. ഷോയുടേയും നടന്റേയും പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

”കേരളത്തില്‍ ഇപ്പോള്‍ വൈകുന്നേരം നടക്കുന്ന ഒരു ഒളിഞ്ഞു നോട്ട പരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് പരിപാടി. അനശ്വര നടനാണ് ആ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തില്‍ വരേണ്ടത് താര രാജാക്കന്മാര്‍ അല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാന്‍ നമ്മള്‍ തയ്യാറാകണം” എന്നാണ് യു പ്രതിഭ പറഞ്ഞത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply