താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ വി ടി ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് എട്ട് സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തിന് സർജറി ചെയ്തിരുന്നു. ഡോക്ടർക്ക് വിശ്രമം നിർദേശിച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അനയയക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാരോുപിച്ചാണ് അച്ഛൻ സനൂപ് ഡോക്ടർ വിപിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറും കളക്ടറും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും വരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സുരക്ഷക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
അനയയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് റിപ്പോർട്ട്
കോഴിക്കോട് താമരശ്ശേരിയിലെ ഒൻപത് വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരംമൂലമാണെന്ന് രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നൽകിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

