തളിപ്പറമ്പിലെ തീപിടുത്തം: തീ പടർന്നത് ട്രാൻസ്‌ഫോർമറിൽ നിന്നല്ല, അമ്പത് കോടിയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

കണ്ണൂർ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങൾ കണക്കിലെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മറ്റിടങ്ങളിലേതിന് സമാനമായ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് സ്ഥലം എം എൽ എ എം വി ഗോവിന്ദനും പറഞ്ഞു.

തളിപ്പറമ്പ് നഗരം ഇന്നോളം കാണാത്ത അഗ്നി ബാധ വിഴുങ്ങിയത് 40 ഓളം വ്യാപാരികളുടെ സ്വപ്നങ്ങളാണ്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വ്യാപാരികളുടെ നിഗമനം. പൊലീസ്, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. പ്രാഥമിക പരിശോധന പൂർത്തിയാക്കി ആർ ഡി ഒ കളക്ടർക്ക് റിപ്പോർട്ട് നൽകും. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ അഗ്നി സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്നതിലടക്കം അന്വേഷണം നടക്കും. ഇതിനിടെ സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിൽ നിന്നല്ല തീ പടർന്നതെന്ന് കെ എസ് ഇ ബി വ്യക്തമാക്കി. മൂന്നര മണിക്കൂർ നീണ്ട പ്രയത്നം കൊണ്ടാണ് മൂന്ന് കെട്ടിടങ്ങളിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലക്കകത്തും പുറത്തും നിന്നുമെത്തിയത് 15 ഫയർ ഫോഴ്സ് യൂണിറ്റുകളാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply