തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റിലായി. ആദിത്യന്‍ എന്ന 17 വയസുകാരനെ സഹപാഠികൾ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുമല്‍കുട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ വിദ്യാര്‍ത്ഥിനിയുമായി സംസാരിച്ചതിന് മറ്റുചില വിദ്യാര്‍ത്ഥികൾ ആദിത്യനെ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
സ്കൂള്‍ പരിസരത്തുള്ള റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ആദിത്യന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തെത്തുകയും പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി പരിശോധിക്കുകയും പത്തോളം വിദ്യാര്‍ത്ഥികൾ ചേര്‍ന്ന് ആദിത്യനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.