പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. കോയമ്പത്തൂർ മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് ഇവരെ പിടികൂടിയത്. ട്രെയിനിൽ നിന്നും കോഴിക്കോട് ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ രണ്ടുപേർ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരാണ്. സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖല സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയാണ് പിടിയിലായ രാകേഷ്. ഇവരെ ഷൊർണൂർ പൊലീസിന് കൈമാറും.
വിനേഷിൻ്റെ നില അതീവഗുരുതരം
ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. വിനേഷിൻ്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായും തലക്കേറ്റ പരിക്കുകൾ അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. വാണിയംകുളം പനയൂർ സ്വദേശിയാണ് ഗുരുതരാവസ്ഥയിലായ വിനേഷ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മർദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതർ ഓട്ടോയിൽ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ശബ്‌ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച വിനേഷിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഇൻ്റിമേഷൻ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

