കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കി. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. 06.10.2025ന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേടാനായി.
ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് സഹായകരമാകുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ തൊഴിലാളി സംഘടനകൾ അടക്കം ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി പറയുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

