നടി റിമ കല്ലിങ്കല്‍ ലോക ചാപ്റ്റര്‍ 1: ചന്ദ്രയുടെ വിജയത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് താരം നടത്തിയ പരാമര്‍ശമാണ് വാര്‍ത്തയായി മാറിയതും പിന്നീട് സോഷ്യല്‍ മീഡിയ താരത്തിനെതിരെ തിരിയുന്നതിലേക്കും നയിച്ചത്. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും പക്ഷെ അതിനുള്ള സ്‌പേസ് ഒരുക്കിയത് ഞങ്ങള്‍ ആണെന്നും റിമ പറഞ്ഞുവെന്നായിരുന്നു സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും പറഞ്ഞത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിര്‍മാതാവും നടനുമായ വിജയ് ബാബുവടക്കമുള്ളവര്‍ പരോക്ഷമായി റിമയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ റിമ ശ്രമിക്കുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ റിമ പറഞ്ഞത് പ്രചരിപ്പിക്കപ്പെട്ടതിന് നേര്‍ വിപരീതമായിരുന്നു. സോഷ്യല്‍ മീഡിയ താരത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയും ലോകയുടെ വിജയത്തിനുള്ള സ്‌പേസ് ഒരുക്കിയത് ഞങ്ങള്‍ ആണെന്ന് റിമ പറഞ്ഞതായി വ്യാഖ്യാനിക്കുകയുമായിരുന്നു. ”ലോകയുടെ ടീമിന്റെ വിജയത്തില്‍ നിന്നും ഒന്നും എടുത്തു കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇതുപോലുള്ള സംഭാഷണങ്ങളിലൂടെയാണ് ഈ സിനിമ ഉണ്ടാകാനും അത് നല്‍കപ്പെടാനും സാധിക്കുന്നൊരു സ്‌പേസ് ഇന്നുണ്ടായത്. ഞങ്ങള്‍ സംസാരിച്ചതു കൊണ്ട് മാത്രമല്ല, ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന് തിരിച്ച് സംസാരിക്കുകയും മറ്റുമായി ഒരു സ്‌പേസ് ഉണ്ടായി. ഞങ്ങള്‍ ഉണ്ടാക്കിയെന്ന് പറയാന്‍ താല്‍പര്യമില്ല. നമ്മളെല്ലാം ചേര്‍ന്ന് ഒരു സ്റ്റേജ് ഉണ്ടാക്കിയെടുക്കുകയായിരുന്നു” എന്നാണ് റിമ കല്ലിങ്കല്‍ പറഞ്ഞത്.
നടി നൈല ഉഷ പങ്കിട്ട ഒരു സ്‌റ്റോറിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു റിമ കല്ലിങ്കലിന്റെ പരാമർശം. ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്ക് കൂടി അര്‍ഹമായതാണെന്ന് നൈല പറഞ്ഞിരുന്നു. സ്ത്രീപക്ഷ സിനിമകള്‍ക്ക് വഴിയൊരുക്കുന്നതില്‍ പാര്‍വതിയേയും ദര്‍ശനയേയും റിമ കല്ലിങ്കലിനേയും പോലുള്ള നടിമാരുടെ നിരന്തര ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു നൈലയുടെ പരാമർശം.
വിവാദമായതോടെ ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ റിമ തന്നെ പ്രതികരണവുമായി എത്തി. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ പങ്കിട്ടു കൊണ്ടായിരുന്നു റിമയുടെ പ്രതികരണം. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്. താന്‍ പറഞ്ഞത് ‘നമ്മളാണ്’ എന്നാണ്, പ്രേക്ഷകരെല്ലാം ചേര്‍ന്നാണ് എന്നാണെന്നും റിമ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

